ന്യൂഡൽഹി: മധ്യവേനലവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും. കോടതിയലക്ഷ്യക്കേസിൽ വിജയ് മല്യയുടെ ശിക്ഷ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിക്കും.
പോർച്ചുഗലിന് ഇന്ത്യ നൽകിയ നയതന്ത്ര ഉറപ്പ് അനുസരിച്ച് 25 വർഷത്തിൽ കൂടുതൽ ശിക്ഷ നൽകരുതെന്ന ബോംബെ സ്ഫോടനക്കേസിലെ പ്രതി അബു സലീമിന്റെ ഹർജിയിലും സുപ്രീം കോടതി ഇന്ന് വിധി പറയും. ഭീമ കൊറേഗാവ് കേസിലെ പ്രതിയായ തെലുങ്ക് കവി വരവര റാവു സ്ഥിരജാമ്യം തേടി സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയ്ക്ക് വരും.
2017 മെയ് മാസത്തിൽ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി 40 മില്യൺ ഡോളർ മക്കളുടെ അക്കൗണ്ടിലേക്ക് വകമാറ്റി ചെലവഴിച്ചതിന് മല്യയെ കോടതി അലക്ഷ്യത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ബാങ്കുകളുടെ കൺസോർഷ്യം നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. നിലവിൽ യു കെയീലെ ജയിലിൽ കഴിയുന്ന വിജയ് മല്യയെ കോടതിയിൽ ഹാജരാക്കാൻ ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ച് നിരവധി തവണ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കൈമാറ്റ നടപടികൾ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് വിധി പ്രഖ്യാപനവുമായി മുന്നോട്ട് പോകാൻ കോടതി തീരുമാനിച്ചത്.