ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി വധശിക്ഷ ശരിവച്ച ബലാത്സംഗക്കേസിലെ പ്രതികളെ സുപ്രീം കോടതി വെറുതെ വിട്ടു. ഡൽഹിയിൽ 19കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഹരിയാനയിലെ ഗ്രാമത്തിലെ വയലിൽ തള്ളിയ കേസിലെ 3 പ്രതികളെയാണ് സുപ്രീം കോടതി വെറുതെ വിട്ടത്. 2012ൽ നടന്ന കേസിന്‍റെ വിചാരണയ്ക്ക് ശേഷം 2014ലാണ് ഡൽഹി കോടതി ഇവർക്ക് വധശിക്ഷ വിധിച്ചത്. അതേ വർഷം തന്നെ ഡൽഹി ഹൈക്കോടതിയും വധശിക്ഷ ശരിവച്ചു.
ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് പ്രതികളുടെ അപ്പീൽ പരിഗണിച്ച് വിട്ടയച്ചത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി പ്രതികളെ വിട്ടയക്കാൻ ഉത്തരവിട്ടു. വധശിക്ഷ ഒഴിവാക്കുന്നതിനെ ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ എതിർത്തിരുന്നു. ഇരയ്ക്കെതിരെ മാത്രമല്ല, സമൂഹത്തിനെതിരെ കൂടിയാണ് പ്രതികൾ കുറ്റം ചെയ്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും മുൻപ് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നില്ലെന്ന വസ്തുതയും കണക്കിലെടുത്ത് ശിക്ഷ കുറയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
അതേസമയം, മകളുടെ ഘാതകരെ സുപ്രീം കോടതി കുറ്റവിമുക്തരാക്കിയത് ഹൃദയഭേദകമാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. കേസിൽ നിയമപോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.