ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തെക്കുറിച്ചുള്ള കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്‍റെ പരാമർശത്തെ ശക്തമായി എതിർത്ത് സുപ്രീം കോടതി. ഉന്നത പദവി വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, മന്ത്രിയുടെ പേര് പരാമർശിക്കാതെയാണ് കോടതി വിമർശനം ഉന്നയിച്ചത്.
ഒരു ദേശീയ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു കൊളീജിയം സംവിധാനത്തെ വിമർശിച്ചത്. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാർശകളിൽ കേന്ദ്രം അടയിരിക്കുകയാണെന്ന് ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് കിരൺ റിജിജു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൊളീജിയം അയച്ച എല്ലാ ശുപാർശകളിലും സർക്കാർ ഒപ്പിടുമെന്ന് കരുതരുത്. വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ ഇവ അംഗീകരിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1991 വരെ സർക്കാർ ആണ് ജഡ്ജിമാരെ നിയമിച്ചത്. പിന്നീട്, സുപ്രീം കോടതി കൊളീജിയം സംവിധാനം സൃഷ്ടിക്കുകയും നിയമനം അങ്ങനെയാക്കുകയുമായിരുന്നുവെന്ന് കിരൺ റിജിജു പറഞ്ഞു. അതേസമയം, മന്ത്രിയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാകാമെന്നാണ് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയുടെ നിലപാട്.