ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎയ്ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. “പത്രം വായിക്കുന്നുവെന്നതു കൊണ്ടു മാത്രം ഒരാളോടു നിങ്ങള്‍ക്കു പ്രശ്‌നമാണെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്” എന്നാണ് സുപ്രീം കോടതി വിമർശിച്ചത്. യു.എ.പി.എ കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് എൻഐഎ നൽകിയ ഹർജി തള്ളവെയാണ് സുപ്രീം കോടതിയുടെ പരാമർശം.
മാവോയിസ്റ്റ് സംഘവുമായുള്ള ബന്ധത്തിന്‍റെ പേരിൽ യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന പ്രമുഖ കമ്പനിയുടെ ജനറൽ മാനേജർ സഞ്ജയ് ജെയിനിന് ജാമ്യം അനുവദിച്ച ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് എൻഐഎ സുപ്രീം കോടതിയെ സമീപിച്ചത്. യുഎപിഎ ചുമത്തിയാണ് ജെയിനിനെതിരെ കേസെടുത്തിരിക്കുന്നത്. ത്രിതീയ പ്രതിനിധി സമിതി (ടിപിസി) എന്ന സംഘത്തിന് പണം നൽകിയെന്നാരോപിച്ച് 2018 ൽ സഞ്ജയ് അറസ്റ്റിലായിരുന്നു. 2021 ഡിസംബറിലാണ് ജാർഖണ്ഡ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. പണം നൽകിയെന്ന് പറഞ്ഞ് ഇയാൾക്ക് സംഘവുമായി ബന്ധമുണ്ടെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി കണ്ടെത്തി.