ടെഹ്റാന്‍: സർക്കാർ വിരുദ്ധ സമരത്തെ പരസ്യമായി പിന്തുണച്ചതിന് പ്രമുഖ ഇറാനിയൻ നടിമാർ അറസ്റ്റിൽ. ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാൻ സർക്കാരിനെതിരെ പ്രവർത്തിച്ചതിന് ഹെൻഗാമെ ഗാസിയാനി, കതയോൻ റിയാഹി എന്നീ രണ്ട് നടിമാരെയാണ് അറസ്റ്റ് ചെയ്തത്.
ഇറാനിൽ ഉയരുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് ഇവർ രണ്ട് പേരും ശിരോവസ്ത്രം ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇത്. സെപ്റ്റംബറിൽ മഹ്സ അമിനി എന്ന യുവതി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നാണ് ഇറാനിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ നടിമാരായ ഹെൻഗാമെ ഗാസിയാനി, കതയോൻ റിയാഹി എന്നിവരെ ഇറാൻ പ്രോസിക്യൂട്ടറുടെ ഓഫീസിന്‍റെ നിർദ്ദേശപ്രകാരം ഞായറാഴ്ച അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.