തിരുവനന്തപുരം: സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്ന ഉപഭോക്താക്കളെ കൈകൂപ്പി സ്വീകരിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം. കേരളപ്പിറവി ദിനമായ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ഇത് ഫലപ്രദമായി നടപ്പാക്കണമെന്നും സിഎംഡി നിർദ്ദേശിച്ചു.
സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്ന ഉപഭോക്താക്കളോട് ജീവനക്കാർ മോശമായി പെരുമാറുന്നതായി അധികൃതർക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ജൂൺ 1 മുതൽ കൈ കൂപ്പി നമസ്കാരം പറഞ്ഞ് ഉപഭോക്താക്കളെ വരവേൽക്കണമെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ പലയിടത്തും ഇത് പാലിക്കപ്പെട്ടില്ല. ഇതേതുടർന്നാണ് നവംബർ 1 മുതൽ 8 വരെ ഇത് കർശനമായി പാലിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത്. നിർദ്ദേശം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സോണൽ, ഡിപ്പോ മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എട്ടിന് ശേഷവും നിർദ്ദേശം കർശനമായി നടപ്പാക്കാനാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.