കോട്ടയം : കോട്ടയം ഡിപ്പോയിലെ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസുകൾ ഉപയോഗിക്കാതെ നശിപ്പിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആർടിസി. വാരാന്ത്യത്തിലെ ബസുകളും രാത്രി സേവനത്തിനും ബജറ്റ് ടൂറിസത്തിനും ഉപയോഗിക്കേണ്ട അധിക സർവീസുകളും സ്പെയർ ബസുകളുമാണ് ഇവ. പകൽ സമയത്ത് ഈ ബസുകൾ പാർക്ക് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയാണ് തെറ്റായ വാർത്തകൾ നൽകുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.
ജൂൺ മാസത്തെ ബജറ്റ് ടൂറിസം ബുക്കിംഗ് മഴ കാരണം കുറവായതിനാൽ ആ ബസ് പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തു. കോട്ടയം ഡിപ്പോയിൽ അന്തർ സംസ്ഥാന സർവീസ് നടത്തിയിരുന്ന നിലവിലുള്ള സൂപ്പർ ഡീലക്സ് ബസുകളിൽ രണ്ടെണ്ണം ബജറ്റ് ടൂറിസത്തിനുള്ളതാണ്. അവശേഷിക്കുന്ന ബസുകളിൽ രണ്ടെണ്ണം കോട്ടയം-സുൽത്താൻ ബത്തേരി റൂട്ടിൽ ഇപ്പോഴും രാത്രികാലങ്ങളിൽ സർവീസ് നടത്തുന്നുണ്ട്. ബ്രേക്ക് ഡൗൺ ഉണ്ടായാൽ ദീർഘദൂര സർവീസുകൾക്കായി ബസുകൾ മാറ്റിസ്ഥാപിക്കുന്നതിനാണ് മറ്റ് ബസുകൾ.
നിലവിൽ ഇവിടെയുള്ള സൂപ്പർ ഡീലക്സ് ബസുകളിൽ 4 ബസുകളുടെ കാലാവധി ഡിസംബറോടെ 9 വർഷത്തേക്ക് പൂർത്തിയാകും. ഈ ബസുകൾ ഇനി ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ ഇവ ഓർഡിനറി സർവീസുകൾക്ക് ഉപയോഗിക്കുമെന്നും അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.