Spread the love

ഇടുക്കി: അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. സിപിഐയില്‍ നിന്ന് രാജിവച്ചെത്തിയ പഞ്ചായത്തംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണയോടെയാണ് ഒരു വര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫ് ഭരണ നേതൃത്വത്തെ അവിശ്വാസത്തിലൂടെ യുഡിഎഫ് പുറത്താക്കിയതും ഇവരുടെ പിന്തുണയോടെയാണ്. സിപിഐയില്‍ നിന്ന് യുഡിഎഫിലെത്തിയ സനിത സജിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്. ഇതോടെ 22കാരിയായ സുനിത ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി. മുസ്‌ലിം ലീഗിലെ കെഎസ് സിയാദ് വൈസ് പ്രസിഡന്റായി. 21 അംഗങ്ങളുടെ ഭരണസമിതിയില്‍ 11 അംഗങ്ങളുടെ പിന്തുണ യുഡിഎഫിന് ലഭിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫിലെ ഷിജി ബാബുവും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്‍ രഞ്ജിതയും മത്സരിച്ചു. നേരത്തെ സിപിഐഎമ്മില്‍ നിന്നുള്ള ഷേര്‍ളി മാത്യുവായിരുന്നു അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. 21 അംഗങ്ങളുടെ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 9, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. പഞ്ചായത്തിലെ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നുവെന്നും ഏകാധിപത്യപരമായ ഭരണമാണെന്നും ആരോപിച്ച് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. മെയ് 23ന് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തപ്പോള്‍ സനിതാ സജിയും ഇടതുമുന്നണിയോട് ചേര്‍ന്ന് നിന്നിരുന്ന സ്വതന്ത്രന്‍ വിടി സന്തോഷും യുഡിഎഫിന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു. ഇതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്.

By newsten