തൃശ്ശൂര്‍: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ന്യായീകരിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പരാതി. നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി മുൻപും മറ്റ് നടിമാരെ ആക്രമിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാതെ ശ്രീലേഖ സംരക്ഷിച്ചുവെന്നും പരാതിയിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തക കുസുമം ജോസഫാണ് പരാതി നൽകിയത്. പരാതി തൃശൂർ റൂറൽ പോലീസ് മേധാവിക്ക് കൈമാറി.
പൾസർ സുനിക്കെതിരെ അന്ന് ഉചിതമായ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലായിരുന്നു എന്നും പരാതിയിൽ പറയുന്നു. ശ്രീലേഖയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പൾസർ സുനിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
എറണാകുളത്ത് ജോലി ചെയ്യുമ്പോൾ സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും പൾസർ സുനിയെ കുറിച്ച് മൂന്ന് നടിമാർ തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നും ശ്രീലേഖ തന്‍റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. വിശ്വാസ്യത പിടിച്ചുപറ്റി അടുത്തുകൂടി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രീകരിച്ച് അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തന്‍റെ കരിയർ തകരുമെന്ന് ഭയന്നും കേസിന് പുറകെ നടക്കാനുള്ള വിമുഖത കാരണവുമാണ് പരാതി നൽകാതെ പണം നൽകി അവർ കേസ് ഒത്തുതീർപ്പാക്കിയതെന്നും ശ്രീലേഖ പറഞ്ഞു.