കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഗൂഢാലോചന നടത്തിയെന്ന പുതിയ ആരോപണവുമായി ഡിവൈഎഫ്ഐ. വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. മുഖ്യമന്ത്രിയെ വധിക്കാൻ നടത്തിയ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
ഇപ്പോഴത്തെ പ്രതികൾ മാത്രമല്ല ഈ വധശ്രമ ഗൂഢാലോചനയിൽ ഉൾപ്പെട്ടിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർക്കും ഗൂഢാലോചനയിൽ പങ്കുണ്ട്. അവരുടെ അറിവോടെയാണ് വിമാനത്തിൽ ശ്രമം നടന്നത്. ഇത് സംബന്ധിച്ച് ഡി.വൈ.എഫ്.ഐ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സനോജ് പറഞ്ഞു.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതിന് മുൻ എംഎൽഎ കെ.എസ് ശബരീനാഥനെതിരെ കേസെടുത്ത സാഹചര്യത്തിൽ സുധാകരനും സതീശനും ഇതിൽ പങ്കുണ്ടെന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്. കേസിൽ ശബരീനാഥൻ ഇന്നലെ അറസ്റ്റിലായെങ്കിലും അതേ ദിവസം തന്നെ കോടതി ജാമ്യം അനുവദിച്ചത് പൊലീസിന് തിരിച്ചടിയായി.