ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മരണം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഡി.ഐ.ജി സത്യപ്രിയ മേൽനോട്ടം വഹിക്കും. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.ഐ.ജി സത്യപ്രിയ പറഞ്ഞു. കളക്ടർ ആൽബി ജോൺ വർഗീസ് സ്കൂൾ സന്ദർശിച്ചു.
വിശദമായ അന്വേഷണം നടത്തുമെന്നും ഒന്നും മറച്ചുവയ്ക്കില്ലെന്നും കളക്ടർ പറഞ്ഞു. തിരുവള്ളൂർ ജില്ലയിലെ കീഴ്ചേരിയിൽ സ്കൂൾ ഹോസ്റ്റലിലാണു പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ചത്. സംഭവമറിഞ്ഞെത്തിയ മാതാപിതാക്കളും ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ പരിസരത്ത് പ്രതിഷേധിച്ചു.
തിരുത്താണി തെക്കല്ലൂർ സ്വദേശികളായ പൂസനത്തിന്റെയും മുരുകമ്മാളിന്റെയും മകൾ പി സരള (17) ആണ് മരിച്ചത്. തിരുവള്ളൂർ സേക്രഡ് ഹാർട്ട്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സരള. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.