Spread the love

കോഴിക്കോട്: സൈന്യത്തെ കൂടുതൽ യുവത്വമുള്ളതാക്കാനുള്ള മോദി സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യൻ സൈന്യത്തെ യുവത്വവൽക്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തൊഴിലില്ലായ്മയ്ക്കെതിരെ സമരം ചെയ്യുന്ന സംഘടനകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത് വഞ്ചനയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

“കോൺഗ്രസും സി.പി.എമ്മും ട്രേഡ് യൂണിയൻ കണ്ണിലൂടെയാണ് പദ്ധതിയെ നോക്കിക്കാണുന്നത്. എന്നാൽ രാജ്യത്തിനായി സന്നദ്ധരായി എത്തുന്ന യുവാക്കളെയാണ് കേന്ദ്രസർക്കാർ തയാറാക്കുന്നത്. ദിവസവേതന തൊഴിലാളി എന്ന നിലയിലല്ല, സമർപ്പിത മനോഭാവത്തോടെ രാജ്യത്തെ സേവിക്കുന്നവരാണ് സൈന്യമെന്ന് ഇടതുപക്ഷവും കോൺഗ്രസും മനസിലാക്കണമെന്നും” സുരേന്ദ്രൻ പറഞ്ഞു.

“ട്രെയിനുകളും ബസുകളും കത്തിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നവർക്ക് മുന്നിൽ മോദി സർക്കാർ തലകുനിക്കില്ല. രാജ്യസ്നേഹവും മെച്ചപ്പെട്ട ശാരീരികക്ഷമതയുമുള്ള യുവതലമുറയെ സൃഷ്ടിക്കുക എന്ന മോദി സർക്കാരിൻറെ ലക്ഷ്യം തകർക്കാനാണ് ദേശവിരുദ്ധർ ശ്രമിക്കുന്നത്. ഇത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല,” സുരേന്ദ്രൻ പറഞ്ഞു.

By newsten