പിൻസീറ്റ് ബെൽറ്റുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി ഡൽഹി പൊലീസ്. ദേശീയ തലസ്ഥാന മേഖലയിൽ ബുധനാഴ്ച ആരംഭിച്ച നടപടികളിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് നഗരത്തിലെ ട്രാഫിക് പോലീസ് ഇതുവരെ 57 നിയമ ലംഘകരിൽ നിന്ന് പിഴ ഈടാക്കി. പിൻസീറ്റ് ബെൽറ്റ് നിയമം കർശനമായി നടപ്പാക്കുകയും നിയമലംഘകരിൽ നിന്ന് 1,000 രൂപ പിഴ ചുമത്തുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുൻ ടാറ്റ മേധാവി സൈറസ് മിസ്ത്രിയുടെ മരണത്തെ തുടർന്ന് രാജ്യത്തുടനീളം ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഡൽഹി പോലീസിന്‍റെ നടപടി.
വാഹനങ്ങളുടെ പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 40 യാത്രക്കാർക്ക് ഡൽഹി ട്രാഫിക് പോലീസ് വ്യാഴാഴ്ച ചലാൻ നൽകിയിരുന്നു. സെൻട്രൽ ഡൽഹിയിലെ കൊണാട്ട് പ്ലേസിനടുത്തുള്ള ബരാഖംബ റോഡിൽ ബുധനാഴ്ച പൊലീസ് 17 ചലാനുകൾ നൽകിയിരുന്നു.