കോതമംഗലം: കോതമംഗലം, തൃക്കാരിയൂർ, കുട്ടമംഗലം വില്ലേജുകളിൽ ഇന്നലെ രാവിലെ 10.30ന് മഴയ്ക്കൊപ്പം വീശിയ കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. 2 വീടുകൾ പൂർണ്ണമായും 44 വീടുകൾ ഭാഗികമായും തകർന്നു. വാഴ, ജാതി, റബ്ബർ, കപ്പ, റംബൂട്ടാൻ, തെങ്ങ്, കമുക് വിളകൾ ഉൾപ്പെടെ കൂറ്റൻ മരങ്ങൾ കടപുഴകി വീണു. വ്യാപകമായ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് ലൈൻ പൊട്ടി. മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. ഈ പ്രദേശങ്ങളിലെല്ലാം വൈദ്യുതി വിതരണം താറുമാറായി. വീണ മരങ്ങൾ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മുറിച്ചുമാറ്റുകയാണ്.
കോതമംഗലം കൃഷിഭവൻ പരിധിയിലാണ് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായത്. ഒരു കോടി രൂപയാണ് പ്രാഥമിക കണക്ക്. കവളങ്ങാട് കൃഷിഭവൻ പരിധിയിൽ 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. മലയിൻകീഴ്, കൊവേന്തപ്പടി, വലിയപാറ, പാറായിത്തോട്ടം, കാട്ടാട്ടുകുളം, കവളങ്ങാട് പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. പതിനായിരത്തിലധികം ഏത്തവാഴകൾ നശിച്ചു.