ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസർച്ച് (എസ്ബിഐ) സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുമ്പോൾ, സംസ്ഥാനങ്ങൾക്ക് ആനുപാതികമായി വരുമാനം ലഭിക്കും. നികുതി കുറയ്ക്കുമ്പോൾ വരുമാന നഷ്ടമുണ്ടാകും. ഇന്ധന വില വർദ്ധനവ് സംസ്ഥാനങ്ങൾക്ക് നികുതി വരുമാനമായി 49,229 കോടി രൂപ നേടിയതായി എസ്ബിഐ പറയുന്നു. കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചപ്പോൾ 15,021 കോടി രൂപയുടെ നഷ്ടമുണ്ടായി. എസ്ബിഐയുടെ കണക്കനുസരിച്ച് 34,208 കോടി രൂപ ഇപ്പോഴും അധിക വരുമാനമായി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഇന്ധന വില ഉയർന്നപ്പോൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് മഹാരാഷ്ട്രയായിരുന്നു. ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾക്കും നേട്ടമുണ്ടായതായി എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾക്ക് പെട്രോളിൻറെ വില ലിറ്ററിൻ മൂന്ന് രൂപയും ഡീസലിനു ലിറ്ററിന് രണ്ട് രൂപയും കുറയ്ക്കാൻ കഴിയും. ഇത് അവരുടെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ മൂല്യവർധിത നികുതിയിൽ (വാറ്റ്) ഗണ്യമായ കുറവ് വരുത്തില്ലെന്ന് എസ്ബിഐ റിപ്പോർട്ടിൽ പറയുന്നു.