കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ കോഴിക്കോട്ട് ആരംഭിച്ചു. ‘കൊട്ടും വരയും’ കാമ്പയിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. 61 പ്രാവുകളെ പറത്തി കൊണ്ടായിരുന്നു ഉദ്ഘാടനം.
ബലൂണുകളുമായി 61 വിദ്യാർത്ഥികളും എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ , കെ.എം. സച്ചിൻ ദേവ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. ചിത്രകാരൻമാരും കുട്ടികളും മന്ത്രിയോടൊപ്പം തുറന്ന ക്യാൻവാസിൽ ചിത്രം വരച്ചു. കലാമണ്ഡലം ശിവദാസ മാരാരുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളും ഉണ്ടായിരുന്നു.