Spread the love

ചെന്നൈ: തമിഴ്നാട് സർക്കാർ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു. ഒക്ടോബർ രണ്ടിന് സംസ്ഥാനത്ത് 50 ഇടങ്ങളിൽ ആർഎസ്എസ് റാലികൾ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ റൂട്ട് മാർച്ചിന് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചു. നേരത്തെ മദ്രാസ് ഹൈക്കോടതി മാർച്ചിന് അനുമതി നൽകണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചു.

തിരുച്ചിറപ്പള്ളി, വെല്ലൂര്‍ തുടങ്ങിയ അമ്പത് കേന്ദ്രങ്ങളിലാണ് ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. കഴിഞ്ഞയാഴ്ച മദ്രാസ് ഹൈക്കോടതിയും മാർച്ചിന് അനുമതി നൽകാൻ സർക്കാരിന് നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ 28ന് മുമ്പ് അനുമതി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇന്നലെ വൈകിട്ടോടെ മാർച്ചിന് അനുമതി നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ ആർ.എസ്.എസ് നേതൃത്വത്തെ അറിയിച്ചു.

സംസ്ഥാനത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആർഎസ്എസ് മാർച്ചിന് അനുമതി നൽകാനാകില്ലെന്നാണ് സർക്കാർ നിലപാട്. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ തുടർന്ന് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പോലീസ് അതീവ ജാഗ്രതയിലാണ്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ കൂടുതൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ചെന്നൈയിൽ മാത്രം നാലായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കോയമ്പത്തൂർ മേഖലയിൽ സുരക്ഷയ്ക്കായി ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആർഎസ്എസ് നടത്തുന്ന റൂട്ട് മാർച്ചിന് സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.

By newsten