ആലപ്പുഴ: ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കളക്ടറുടെ ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സ് പൂട്ടി. ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സാണ് പ്രവർത്തനരഹിതമാക്കിയത്.
ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയാണ് നിലവിലെ ആലപ്പുഴ കളക്ടറായ രേണു രാജ്. രേണു രാജിനെ എറണാകുളം കളക്ടറായും ശ്രീറാമിനെ ആലപ്പുഴ കളക്ടറായും നിയമിച്ചു.
മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ വീണ്ടും കളക്ടറാക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കോൺഗ്രസ് ഉൾപ്പെടെ നടപടിക്കെതിരെ രംഗത്തുവന്നു. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ടിരുന്നു.