ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സർവീസിലുള്ള ഒരു വ്യക്തിക്ക് ഓരോ ഘട്ടത്തിലും വ്യത്യസ്തമായ ഓരോ ദൗത്യം നിർവഹിക്കേണ്ടിവരും. മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കളക്ടറായി നിയമിച്ചത് ശരിയാണോ എന്നാണ് വിമർശനം. ശ്രീറാമിന്‍റെ നിയമനത്തിൽ ശക്തമായ എതിർപ്പാണ് കോൺഗ്രസ് ഉയർത്തുന്നത്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ശ്രീറാമിന്‍റെ നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എന്തിനാണ് ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ കെട്ടിയിടുന്നത്. അദ്ദേഹം ചോദിച്ചു. സർക്കാർ തീരുമാനം പിൻവലിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.
ആലപ്പുഴ കലക്ടറുമായുള്ള ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. സമനില തെറ്റിയ സർക്കാരിന്‍റെ സമനില തെറ്റിയ തീരുമാനമാണ് ശ്രീറാമിന്‍റെ നിയമനമെന്നും ഇദ്ദേഹം പറഞ്ഞു.
ശ്രീറാം പ്രതിയായ കേസാണ് ഇപ്പോൾ വിചാരണ നേരിടുന്നത്. ശ്രീറാമിനേക്കാൾ ജൂനിയറായ പല ഐ.എ.എസ് ഉദ്യോഗസ്ഥർക്കും ഇതിനകം കളക്ടർ സ്ഥാനം നൽകിയിട്ടുണ്ടെന്നാണ് സർക്കാരിന്റെ വിശദീകരണം. 2019ലാണ് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയത്. ശക്തമായ പ്രതിഷേധങ്ങൾക്കിടയിലാണ് ശ്രീറാം ചുമതലയേറ്റത്. വെങ്കിട്ടരാമനെതിരെ ആലപ്പുഴ കളക്ടറേറ്റ് വളപ്പിൽ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. പ്രതിഷേധത്തെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു.