കൊളംബോ: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം ഞായറാഴ്ച 100 ദിവസം പൂർത്തിയാക്കി. ഏപ്രിൽ 9ന് കൊളംബോയിലെ ഗാൾ ഫെസിൽ രാജപക്സെ സർക്കാരിനെതിരെ ഒരു കൂട്ടം ആളുകൾ പ്രതിഷേധവുമായി എത്തിയതായിരുന്നു തുടക്കം.
മഹിന്ദ രാജപക്സെയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും ഗോതാബയ രാജപക്സെയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കിയിട്ടും പ്രതിഷേധക്കാർ പിൻമാറിയിട്ടില്ല. ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ റനിൽ വക്രമസിംഗെയ്ക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. “ഇത് സ്വാതന്ത്ര്യസമരമാണ്. ജനാധിപത്യവിരുദ്ധനായ ഒരു പ്രസിഡന്റിനെ ജനങ്ങള്‍ വീട്ടില്പറഞ്ഞയച്ചു. രാഷ്ട്രീയ സംവിധാനത്തിന്റെ സമൂലമാറ്റമാണ് ലക്ഷ്യം,” ജനകീയ പ്രസ്ഥാനത്തിലെ പ്രമുഖനായ ഫാദർ ജീവന്ത പെയ്രിസ് പറഞ്ഞു. 100 ദിവസമായി തുടരുന്ന സമരം സമാധാനപരമായിരുന്നില്ല. മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയും ഓഫീസും കയ്യേറി. പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് ചിലർ തീയിട്ടു, ഇത് വിമർശനങ്ങൾക്ക് കാരണമായി.
ഒരു രാഷ്ട്രീയ പാർട്ടിയുടെയോ സംഘടനയുടെയോ നേതൃത്വമില്ലാതെയാണ് ശ്രീലങ്കയിൽ പ്രതിഷേധം നടന്നത്. ഗോതാബയയുടെ രാജി ആവശ്യപ്പെട്ടുള്ള സോഷ്യൽ മീഡിയ പ്രചാരണം ഒരു ജനകീയ മുന്നേറ്റമായി മാറി. അന്നുമുതൽ പ്രതിപക്ഷ പാർട്ടികളും സെലിബ്രിറ്റികളും സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.