കൊളംബോ: ശ്രീലങ്കയിൽ ജനകീയ കലാപം തുടരുകയാണ്. പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവയ്ക്കുമെന്ന് സ്പീക്കർ അറിയിച്ചു. പ്രസിഡന്റ് രാജി പ്രഖ്യാപിച്ച ശേഷവും ശ്രീലങ്കയിൽ കലാപം തുടരുകയാണ്.
ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവെച്ചു. പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ കയ്യേറി സർക്കാരിനെതിരായ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് റനിൽ വിക്രമസിംഗെ രാജിവെച്ചത്. ട്വിറ്ററിലൂടെയാണ് റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചത്. സർക്കാരിന്റെ തുടർച്ച ഉറപ്പാക്കുന്നതിനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് രാജിയെന്ന് റനിൽ ട്വീറ്റ് ചെയ്തു. എന്നാൽ രാത്രി വൈകിയും സമരം തുടരുന്നതിനാൽ പ്രസിഡന്റ് ഗോതാബയ രാജപക്സെ രാജി സന്നദ്ധത അറിയിച്ചതായി സ്പീക്കർ പറഞ്ഞു. അജ്ഞാത സ്ഥലത്ത് തുടരുന്ന പ്രസിഡന്റ് ബുധനാഴ്ച രാജിവയ്ക്കുമെന്ന് അറിയിച്ചതായി സ്പീക്കർ മഹിന്ദ യാപ അബെവർധന പ്രതിഷേധക്കാരോട് പറഞ്ഞു. എന്നാൽ രാജി സന്നദ്ധത അറിയിച്ചതിനെ തുടർന്ന് രാത്രി വൈകിയും പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയിൽ തങ്ങി. ഏഴ് ദിവസത്തിനകം ഇടക്കാല സർവ്വകക്ഷി സർക്കാർ രൂപീകരിക്കും.
പ്രസിഡന്റിന്റെ ഔദ്യോഗിക വസതി, ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ദുരിതത്തിലായ ആളുകൾ പിടിച്ചെടുക്കുകയായിരുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാർ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചുകയറിയതോടെയാണ് പ്രസിഡന്റ് ഗോതബയ രജപക്സെ തന്റെ വസതിയിൽ നിന്ന് പലായനം ചെയ്തത്. നാലേക്കറോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പ്രസിഡന്റിന്റെ കൊട്ടാരം പ്രതിഷേധക്കാർ പിടിച്ചെടുക്കുകയും അതിന് മുകളിൽ ദേശീയപതാക ഉയർത്തുകയും ചെയ്തു. രാഷ്ട്രപതിയുടെ വസതിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറിയതിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളുടെ അടിയന്തര യോഗം വിളിച്ചിരുന്നു. യോഗത്തിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജിവെക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.