കൊളംബോ: ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ വേദി മാറ്റിയേക്കും. ടൂർണമെന്‍റ് നടത്താൻ കഴിയില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
ആറ് ടീമുകളുള്ള ടൂർണമെന്‍റ് ശ്രീലങ്കയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ ഇതിനിടയിലാണ് രാജ്യത്ത് സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നത്. ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഏഷ്യാ കപ്പ് നടത്താൻ തങ്ങൾക്ക് ഇപ്പോൾ സാധിക്കില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ്, ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ (എസിസി) അറിയിച്ചു. ശ്രീലങ്കൻ പ്രീമിയർ ലീഗ് ടൂർണമെന്‍റും മാറ്റിവെച്ചു. അതേസമയം, പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്.
ശ്രീലങ്ക പിൻമാറിയാൽ ഏഷ്യാ കപ്പ് യുഎഇയിൽ നടക്കാൻ സാധ്യത ഏറെയാണ്. ഏഷ്യാ കപ്പിന്‍റെ കാര്യത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.