ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിൽ 26 പേരെ പ്രതി ചേർത്തിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിലെ വൈരാഗ്യമാണ് ശ്രീനിവാസന്‍റെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. 2022 ഏപ്രിൽ 16നാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളിൽ ചിലർ ജില്ലാ ആശുപത്രിയിൽ എത്തിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ശ്രീനിവാസന്‍റെ ശരീരത്തിൽ ആഴത്തിലുള്ള 10 മുറിവുകളുണ്ടായിരുന്നു. തലയിൽ മാത്രം മൂന്ന് മുറിവുകളും കൈകളിലും കാലുകളിലും ആഴത്തിലുള്ള മുറിവുകളുമുണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മേലാമുറിയിലെ കടയിലെത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ആറംഗ സംഘത്തിലെ മൂന്നംഗ സംഘമാണ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് പ്രതികൾ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്.