Spread the love

കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. കേസിന്‍റെ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ശ്രീനിവാസന്‍‌ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളുടെ വിശദാംശങ്ങളുണ്ട്.

ശ്രീനിവാസന്‍റെ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എൻഐഎ റിപ്പോർട്ടിൽ പറയുന്നത്. പോപ്പുലർ ഫ്രണ്ട് റെയ്ഡിനെ തുടർന്ന് അറസ്റ്റിലായ സംസ്ഥാന സെക്രട്ടറി സി.എ റൗഫിനും, യഹിയ കോയ തങ്ങള്‍ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തേക്കുക.

സി.എ റൗഫ് നിലവിൽ എൻ.ഐ.എ കസ്റ്റഡിയിലാണ്. ശ്രീനിവാസന്‍റെ കൊലപാതകത്തിൽ റൗഫിന് പങ്കുണ്ടെന്ന് കേരള പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീനിവാസനെ വധിക്കാനുള്ള ഗൂഢാലോചനയിലും പ്രതികളെ ഒളിപ്പിക്കുന്നതിലും റൗഫിന് നിർണായക പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

By newsten