ന്യൂഡല്‍ഹി: എസ്.ഡി.പി.ഐ കേന്ദ്രകമ്മിറ്റി ഓഫീസിന്‍റെ ഡൽഹിയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പാലക്കാട് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നടപടി. കേസിലെ പതിനൊന്നാം പ്രതിയുടെ അക്കൗണ്ടിലാണ് പണം എത്തിയതെന്ന് കണ്ടെത്തിയിരുന്നു. ശ്രീനിവാസന്റെ കൊലപാതകത്തിന് മുൻപും ശേഷവുമാണ് പണമെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് കാനറാ ബാങ്കിന്‍റെ നടപടി.
കഴിഞ്ഞ വർഷം ഏപ്രിൽ 16നാണ് മേലാമുറിയിലെ കടയിൽ വച്ച് ശ്രീനിവാസനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി സ്വദേശി സുബൈറിനെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെ കാരണം. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 26 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.
മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ആറുപേരിൽ മൂന്നുപേർ കടയ്ക്കുള്ളിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 26 പ്രതികളിൽ 25 പേരെ അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് കടന്ന മുഖ്യപ്രതികളിൽ ഒരാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.