കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ നിരപരാധിത്വത്തെ ന്യായീകരിച്ച മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ സമൂഹം വിലയിരുത്തണമെന്ന് ഉമാ തോമസ് എംഎൽഎ. നടിയെ ആക്രമിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനെക്കുറിച്ച് എനിക്ക് അഭിപ്രായം പറയേണ്ട ആവശ്യമില്ല. അതിജീവിതയ്ക്കൊപ്പമാണ് താനെന്ന് താൻ നേരത്തെ പറഞ്ഞിരുന്നതായും ഉമാ തോമസ് പറഞ്ഞു.
ദിലീപിനെ അറസ്റ്റ് ചെയ്തതിൽ പോലീസിന് തെറ്റുപറ്റിയെന്ന് ശ്രീലേഖ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പൾസർ സുനിയെയും ദിലീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നിരവധി തെളിവുകൾ പോലീസ് ഉണ്ടാക്കിയിട്ടുണ്ട്. പൾസർ സുനി സമാനമായ രീതിയിൽ മറ്റ് നടിമാരെ ഉപദ്രവിച്ചിട്ടുണ്ടെന്ന് തനിക്ക് അറിയാമെന്നും ശ്രീലേഖ പറഞ്ഞു.
“കേസിലെ ആറ് പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. ഇത്രയധികം ആളുകൾ ശിക്ഷിക്കപ്പെടാതെ പുറത്ത് ജീവിക്കുന്നു എന്നത് ശരിയല്ല. അഞ്ച് വർഷമായി വിചാരണത്തടവുകാരനായ പൾസർ സുനിക്ക് ശിക്ഷയിൽ ഇളവ് ലഭിച്ചാലോ? ഏതായാലും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ട്. അതിന് അവർ ശിക്ഷിക്കപ്പെടേണ്ടതല്ലേ? പകരം, മറ്റൊരാളെ കേസിലേക്ക് വലിച്ചിഴയ്ക്കാനും കേസിൽ കുടുക്കാനും മറ്റൊരു വ്യക്തിക്കും കേസിൽ പങ്കുണ്ടെന്ന് പറഞ്ഞ് തെളിവുകൾ ഹാജരാക്കാനും ശ്രമിക്കുമ്പോഴാണ് പൊലീസ് പരിഹാസ്യരാവുന്നതെന്നും” ശ്രീലേഖ പറഞ്ഞു.