തൃശ്ശൂർ : പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി കുറ്റസമ്മതം നടത്തി. തനിക്ക് ഒരു അസുഖമുണ്ടെന്നും അതാണ് ഇത്തരമൊരു നഗ്നതാ പ്രദർശനത്തിന് കാരണമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. മരുന്ന് കഴിക്കാത്തതു കൊണ്ടാണ് ബുദ്ധിമുട്ടുകൾ എന്നുമാണ് ഇയാളുടെ മൊഴി. ഇരയായ കുട്ടികളെയും ശ്രീജിത്ത് തിരിച്ചറിഞ്ഞിട്ടുണ്ട്.
കുട്ടികൾക്കെതിരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവിയെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂർ അയ്യന്തോളിൽ ഇന്നലെയാണ് സംഭവം. തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അയ്യന്തോളിലെ എസ്എൻ പാർക്കിന് സമീപം കാർ തടഞ്ഞുനിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചെന്നാണ് കേസ്.
പരാതിക്കാരായ കുട്ടികളോട് മുമ്പും ശ്രീജിത്ത് രവി നഗ്നതാ പ്രദർശനം നടത്തിയിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. പരാതിക്കാരായ കുട്ടികൾക്കെതിരെ ശ്രീജിത്ത് രവി രണ്ട് തവണ നഗ്നതാ പ്രദർശനം നടത്തി. കഴിഞ്ഞ ദിവസം വീണ്ടും സംഭവം ആവർത്തിച്ചതോടെയാണ് കുട്ടികളുടെ കുടുംബം പരാതിയുമായി മുന്നോട്ട് പോയത്.