കോന്നി: ഈ അധ്യയന വർഷം കേരളത്തിലെ നാല് സർവകലാശാലകളിലെയും വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ എന്നിവയുടെ പ്രവേശനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിലക്കേർപ്പെടുത്തികൊണ്ട് ഉത്തരവിറക്കി. പ്ലസ് ടു ഫലത്തിന്റെ പശ്ചാത്തലത്തിൽ തുടർ പഠനത്തിനായി വിദ്യാർത്ഥികൾ പാരലൽ കോളേജുകളെ സമീപിക്കുന്ന സമയമാണിത്.
വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ സർവകലാശാലയ്ക്ക് യുജിസി അംഗീകാരം ലഭിക്കാൻ ഇനിയും സമയം എടുക്കും. ഈ സാഹചര്യത്തിൽ, പല വിദ്യാർത്ഥികൾക്കും ഉപരിപഠനം നഷ്ടപ്പെടും.
കേരളത്തിലെ സമാന്തര കോളേജുകളിൽ പ്രതിവർഷം 1.5 ലക്ഷം വിദ്യാർത്ഥികളാണ് ഡിഗ്രി, പിജി ബിരുദങ്ങളിൽ ചേരുന്നത്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ റെഗുലർ കോഴ്സുകൾക്കൊപ്പം സമാന്തര വിദ്യാഭ്യാസവും ഇതുവരെ നടന്നിട്ടുണ്ട്. കേരള, എം.ജി, കണ്ണൂർ സർവകലാശാലകളിലും പ്രൈവറ്റ് രജിസ്ട്രേഷൻ നടന്നിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ വിദൂര പഠന കോഴ്സുകളും ഉണ്ടായിരുന്നു.