തിരുവനന്തപുരം: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് വിരുന്ന് ഒരുങ്ങുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരം നാളെ കാര്യവട്ടത്ത് നടക്കും. ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഇരു ടീമുകളും രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്തെത്തിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇരു ടീമുകൾക്കും ഗംഭീര സ്വീകരണം നൽകിയത്.
മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയും കേരളത്തിന്‍റെ ക്രിക്കറ്റ് സ്പിരിറ്റിന്‍റെ ഭാഗമാകും. ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോർജാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റേഡിയത്തിൽ അപ്രതീക്ഷിത സങ്കീർണതകൾ ഉണ്ടായിരുന്നെങ്കിലും എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. കാര്യവട്ടം ടി20യിലെ ജനങ്ങളുടെ പങ്കാളിത്തം കേരളത്തിന് വനിതാ ഐപിഎൽ ടീമിനെ ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കും.
തിരുവനന്തപുരത്ത് എത്തുന്ന ഗാംഗുലി സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണവുമായി സഹകരിക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഗാംഗുലി സംസാരിക്കും.