ജയ്പൂര്‍: മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ 76-ാം ജൻമവാർഷികത്തോടനുബന്ധിച്ച് ഭാരത് ജോഡോ യാത്രയ്ക്ക് ഇന്നലെ ബ്രേക്ക്. ജൻമദിനത്തിൽ മക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം രന്ദമ്പോര്‍ ദേശീയോദ്യാനത്തിൽ സവാരി ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. രന്ദമ്പോര്‍ ദേശീയോദ്യാനത്തിന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധിക്കും മറ്റ് ചില ഉദ്യോഗസ്ഥർക്കുമൊപ്പം സോണിയ ഗാന്ധി ജീപ്പിൽ സഞ്ചരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സോണിയയ്ക്കും രാഹുലിനുമൊപ്പം പ്രിയങ്കയും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച രാവിലെ ജയ്പൂരിൽ വന്നിറങ്ങിയ സോണിയ ഹെലികോപ്റ്ററിലാണ് സവായ് മധോപൂരിലെത്തിയത്. അവിടെ നിന്നാണ് രാഹുലും പ്രിയങ്കയും സോണിയയ്ക്കൊപ്പം ചേർന്നത്.
എ.ഐ.സി.സി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരും സോണിയാ ഗാന്ധിക്ക് ജൻമദിനാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്. ഭാരത് ജോഡോ യാത്രയ്ക്കിടെ ഡിസംബർ 10 സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്ന ദിവസമാണ്. ഇന്ന് രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ സോണിയയും പങ്കെടുത്തേക്കും. രാജസ്ഥാൻ സംസ്ഥാനം മുഴുവൻ സഞ്ചരിച്ച ശേഷം ഡിസംബർ 21 ഓടെ ഹരിയാനയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.