Spread the love

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് വീണ്ടും മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് യു.യു.ലളിതിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഇന്നും ചേർന്നില്ല. ലാവലിൻ കേസ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരിഗണിക്കാനിരുന്നത്. അഞ്ചാമത്തെ കേസായി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സാമ്പത്തിക സംവരണത്തിനെതിരായ ഹർജികൾ പരിഗണിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷവും കേസിൽ വാദം തുടർന്നു. നിലവിൽ ഈ കേസിലെ ഇന്നത്തെ വാദം പൂർത്തിയായെങ്കിലും മറ്റ് കേസുകൾ പരിഗണനക്ക് വന്നില്ല. ലാവലിൻ കേസ് കഴിഞ്ഞ തവണയും സമാനമായ രീതിയിൽ മാറ്റിവച്ചിരുന്നു.

പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. 2018 ജനുവരി 11നാണ് കേസിൽ സുപ്രീം കോടതി നോട്ടീസ് അയച്ചത്. അതിനുശേഷം, കഴിഞ്ഞ നാല് വർഷത്തിനിടെ 30 ലധികം തവണ ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചു. കക്ഷി ചേർന്ന ടി.പി.നന്ദകുമാറിന്‍റെ അഭിഭാഷക എം.കെ.അശ്വതി ഹർജി നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്.

By newsten