Spread the love

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നിരുപാധികം മാപ്പ് പറയണമെന്ന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ലോക്സഭയിൽ പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ പേര് പരാമർശിക്കുമ്പോൾ മാന്യമായ വാക്കുകൾ ഉപയോഗിച്ചില്ലെന്നാണ് ആരോപണം. പ്രസംഗത്തിൽ നടപടി ആവശ്യപ്പെട്ട് സ്പീക്കർ ഓം ബിർളയ്ക്ക് അദ്ദേഹം കത്തയച്ചു.

സ്മൃതി ഇറാനി സഭയിൽ ‘ദ്രൗപദി മുർമു’ എന്ന പേര് ആവർത്തിച്ച് ഉപയോഗിച്ചു. ഏറ്റവും ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന പ്രസിഡന്‍റിനെ പേര് മാത്രം വിളിച്ചു. ബഹുമതിയുടെ വാക്കുകൾ ഉപയോഗിക്കാൻ കേന്ദ്രമന്ത്രി തയ്യാറായില്ല. ‘രാഷ്ട്രപത്നി’ പരാമർശം നാവ് പിഴയാണെന്നും തന്‍റെ ഹിന്ദി അത്ര നല്ലതല്ലാത്തതിനാലാണ് തെറ്റ് പറ്റിയതെന്നും അദ്ദേഹം കത്തിൽ പറയുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. അതേസമയം, വിവാദ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം ചൗധരി മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ബിജെപി ഈ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.

By newsten