ന്യൂ ഡൽഹി: മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആദരാഞ്ജലികൾ അർപ്പിച്ചു. സമത്വത്തെയും നീതിയെയും വിമോചനത്തെയും മാനിക്കുന്ന വിഭാഗീയ-മത വർഗീയതക്കെതിരെ നിരന്തരം പോരാടിയ നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. ചൂഷണരഹിതമായ ഇന്ത്യൻ സമൂഹത്തിന്‍റെ സാമൂഹിക പരിവർത്തനത്തിനായി അക്ഷീണം പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ ബാധിതനായിരുന്നു അദ്ദേഹം. ഭാര്യ വിനോദിനിയും മക്കളായ ബിനീഷും ബിനോയിയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, ആനി രാജ എന്നിവർ വിവരം അറിഞ്ഞ് ആശുപത്രിയിലെത്തി.
സി.പി.എമ്മിനെ മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി കോടിയേരി നയിച്ചിട്ടുണ്ട്. അഞ്ച് തവണ തലശ്ശേരിയിൽ നിന്ന് എം.എൽ.എയായി. തീവ്ര കമ്യൂണിസ്റ്റുകാർക്കിടയിൽ എക്കാലവും സൗമ്യനും സമവായ അന്വേഷകനുമായിരുന്നു കോടിയേരി.