പാലക്കാട്: ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് ഒടുവിൽ അടച്ചുറപ്പുള്ള വീടായി. നഞ്ചിയമ്മയുടെ സ്വപ്ന ഭവനം ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നിർമ്മിച്ചത്.
അട്ടപ്പാടിയിലെ നക്കുപതി ഊരിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് നഞ്ചിയമ്മ ഏറെക്കാലമായി താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാർഡുകൾ സൂക്ഷിക്കാൻ പോലും വീട്ടിൽ സ്ഥലമില്ലെന്ന് നഞ്ചിയമ്മ പലപ്പോഴും സങ്കടപ്പെട്ടിട്ടുണ്ട്. അവാർഡുകൾ വീട്ടിൽ കൂട്ടിയിട്ടിരിക്കുന്ന നഞ്ചിയമ്മയുടെ അവസ്ഥ കണ്ട് ഫിലോകാലിയ എന്ന ഫൗണ്ടേഷൻ ആണ് വീട് പണിയാൻ മുന്നോട്ടുവന്നത്. മൂന്ന് മാസം മുമ്പാണ് വീടിന്‍റെ തറക്കല്ലിട്ടത്, പണി വേഗത്തിൽ പൂർത്തിയായി. കഴിഞ്ഞ ദിവസമാണ് നഞ്ചിയമ്മ പുതിയ വീട്ടിലേക്ക് താമസം മാറിയത്. പഴയ വീടിന്‍റെ അടുത്താണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ, ദേശീയ അവാർഡ് ഉൾപ്പെടെ വിലപ്പെട്ടതെല്ലാം ഇവിടെ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയും.
അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമർശനവുമായി സംഗീതജ്ഞൻ ലിനുലാൽ രംഗത്തെത്തിയിരുന്നു. ഒരു മാസത്തെ സാവകാശം നൽകിയാലും നഞ്ചിയമ്മയ്ക്ക് ഒരു സാധാരണ പാട്ട് പാടാൻ കഴിയില്ലെന്നും സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവർക്ക് ഈ അംഗീകാരം അപമാനമാകില്ലേയെന്നും ലിനു ലാൽ വിമർശിച്ചിരുന്നു.