തിരുവനന്തപുരം: നേരത്തെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷും പ്രതിഷേധ മാർച്ച് നടത്തിയപ്പോൾ ഒന്നിച്ച് പങ്കെടുത്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. നവംബർ ഒന്നിന് വിഴിഞ്ഞം പദ്ധതിയെ അനുകൂലിച്ച് ആക്ഷൻ കൗണ്‍സില്‍ സംഘടിപ്പിച്ച ലോങ് മാർച്ചിലാണ് ഇരുവരും പങ്കെടുത്തത്. ഒടുവിൽ ആനാവൂർ നാഗപ്പൻ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് ആനാവൂർ മറുപടി നൽകിയത്. തുറമുഖം വേണമെന്ന് പറഞ്ഞ് സമരം നടത്തിയത് ബി.ജെ.പിയല്ലെന്നും പ്രാദേശിക കൂട്ടായ്മയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക കൂട്ടായ്മയുടെ പ്രതിഷേധമായതിനാലാണ് ബി.ജെ.പി പ്രസിഡന്‍റിന്‍റെ സാന്നിധ്യമുണ്ടായിട്ടും താൻ പരിപാടിയിൽ പങ്കെടുത്തതെന്നാണ് ആനാവൂരിൻ്റെ വിശദീകരണം.
അതേസമയം വിഴിഞ്ഞം സമരത്തിനെതിരെ തിരുവനന്തപുരം ജില്ലയിൽ വൻ പ്രചാരണം നടത്താൻ തീരുമാനിച്ചതായി സി.പി.എം ജില്ലാ സെക്രട്ടറി അറിയിച്ചു. ഇതിനായി എൽ.ഡി.എഫ് പ്രചാരണ ജാഥ നടത്തും. ഈ മാസം 7, 8, 9 തീയതികളിൽ ആണ് എൽ.ഡി.എഫ് പ്രചാരണ ജാഥ നടത്തുക. വർക്കലയിൽ നിന്നാണ് ജാഥ ആരംഭിക്കുക. ചൊവ്വാഴ്ച വർക്കലയിൽ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസം ജില്ലയിൽ പ്രചാരണം നടത്തിയ ശേഷം ജാഥ 9ന് സമാപിക്കും. സമാപന സമ്മേളനം 9ന് വിഴിഞ്ഞത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പ്രചാരണ ജാഥ ആർക്കും എതിരല്ലെന്നും എല്ലാവരും സഹകരിക്കണമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. വിഴിഞ്ഞത്ത് സംഘർഷത്തിന് സാധ്യതയുണ്ടെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു.