ന്യൂഡൽഹി: സാമ്പത്തികവും സാങ്കേതികവുമായ സാധ്യതകൾ പരിഗണിച്ചു കൊണ്ട് മാത്രമേ സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകൂവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആവർത്തിച്ചു. പദ്ധതിക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. ഡി.പി.ആർ തയ്യാറാക്കുന്നതിന് തത്വത്തിൽ അനുമതി നൽകിയിരുന്നു. ഹൈബി ഈഡന്റെയും അടൂർ പ്രകാശിന്റെയും ചോദ്യങ്ങൾക്ക് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സിൽവർലൈൻ പദ്ധതി സംസ്ഥാന സർക്കാർ മരവിപ്പിച്ചിരുന്നു. സിൽവർലൈൻ വേഗറെയിൽപാതയ്ക്കായി സാമൂഹികാഘാത പഠനം തുടരേണ്ട ആവശ്യമില്ലെന്ന് റവന്യൂ വകുപ്പ് രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും നിർദ്ദേശം നൽകി. സാമൂഹികാഘാത പഠനം തുടരാൻ പുതിയ വിജ്ഞാപനം ഇറക്കിയാൽ റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചാലേ മതിയാകൂവെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.