Spread the love

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ രണ്ട് ദിവസത്തിനുള്ളിൽ ഉചിതമായ മറുപടി നൽകുമെന്ന് ഭീഷണിപ്പെടുത്തി സോഷ്യൽ മീഡിയയിൽ സന്ദേശം. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന കുപ്രസിദ്ധ ക്രിമിനൽ നീരജ് ബവാനയുടെ സംഘമാണ് ഫെയ്സ്ബുക്കിലൂടെ ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്. സിദ്ദു മൂസെവാല ഞങ്ങളുടെ ഹൃദയത്തിൽ സഹോദരനാണെന്നും രണ്ട് ദിവസത്തിനകം ഫലം ലഭിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അധോലോക നായകൻ നീരജ് ബവാന ഇപ്പോൾ തിഹാർ ജയിലിലാണ്. സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് നേരത്തെ ദവീന്ദർ ബാംബിഹ സംഘവും ഭീഷണി മുഴക്കിയിരുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയെ ഇന്നലെ തിഹാർ ജയിലിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

By newsten