ചണ്ഡീഗഢ്: പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ തീർത്ഥാടകരിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൻപ്രീത് സിങ്ങിനെ ഉത്തരാഖണ്ഡ് പൊലീസ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കേസ് അന്വേഷിക്കാൻ ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മകന്റെ മരണത്തിൽ ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മൂസ്വാലയുടെ പിതാവ് ബാൽ കൗർ സിംഗ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി അന്വേഷണം നടത്താനുള്ള തീരുമാനം അറിയിച്ചത്.
ഞായറാഴ്ചയാണ് മാൻസയിൽ വെച്ച് മൂസ്വാലയെ അജ്ഞാതർ വെടിവച്ച് കൊന്നത്. അദ്ദേഹത്തിന്റെ ബന്ധു ഗുർപ്രീത് സിംഗ്, സുഹൃത്ത് ഗുർവീന്ദർ സിംഗ് എന്നിവർക്കും പരിക്കേറ്റു. മൂസ്വാല ഉൾപ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പോലീസ് താൽക്കാലികമായി പിൻവലിച്ചതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. ഗുണ്ടായിസമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ എന്നിവരാണ് കാനഡയിൽ നിന്ന് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളെന്ന് സംശയിക്കുന്നു.