തിരുവനന്തപുരം: എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കണോ വേണ്ടയോയെന്നതില്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുക്കാത്തതിനാല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കയില്‍. നാലുമാസംമുമ്പ് പാഠഭാഗങ്ങളില്‍ ശുപാര്‍ശ തയ്യാറാക്കി എസ്.സി.ഇ.ആര്‍.ടി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇനിയും നടപടിയായിട്ടില്ല.
മുഗൾ ഭരണത്തെയും ഗുജറാത്ത് കലാപത്തെയും ചരിത്രപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സി.പി.എം രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടും കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കാൻ ഭരണപരമായ തീരുമാനമൊന്നും എടുത്തില്ല. അതേസമയം, രാഷ്ട്രീയ പ്രശ്നങ്ങളില്ലാത്ത സയൻസ് വിഷയങ്ങളിൽ ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇത് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് പഠന ഭാരം കൂട്ടും.
ഹയർ സെക്കൻഡറിയിൽ 38 വിഷയങ്ങളാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ് എന്നിവ എന്‍.സി.ഇ.ആര്‍.ടി സിലബസിൽ ഉൾപ്പെടുന്നു. ഇതിൽ 30 ശതമാനം പാഠങ്ങളും ഡിസംബറിൽ എൻ.സി.ഇ.ആർ.ടി ഒഴിവാക്കി. എന്നാൽ കേരളത്തിൽ ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.