അലഹബാദ്: കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിയിൽ നിന്ന് കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തിന് കാർബൺ ഡേറ്റിംഗ് പറ്റില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പരിശോധന നടത്തിയാൽ ശിവലിംഗത്തിന് കേടുപാടുകൾ സംഭവിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ശിവലിംഗത്തിന്റെ പഴക്കം നിർണ്ണയിക്കാൻ മറ്റ് മാർഗങ്ങൾ കണ്ടെത്താൻ മൂന്ന് മാസത്തെ സമയം തേടിയിട്ടുണ്ട്.
അതേസമയം, ഗ്യാൻവാപി പള്ളി പരിസരത്തിന്റെ ഉടമസ്ഥാവകാശം ഹിന്ദു വിഭാഗത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സമുദായം സമർപ്പിച്ച ഹർജി ഡിസംബർ രണ്ടിന് പരിഗണിക്കും. വിശ്വ വേദിക് സനാതൻ സംഘ് ജനറൽ സെക്രട്ടറി കിരൺ സിങ് സമർപ്പിച്ച ഹർജിയെ ചോദ്യം ചെയ്താണ് മുസ്ലീം സമുദായം രംഗത്തെത്തിയത്. പള്ളി മതിലിനോടു ചേർന്ന ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധനയും പള്ളി പരിസരത്തെ സർവേയിൽ കണ്ടതായി പറയുന്ന ശിവലിംഗത്തിൽ ആരാധനാ സ്വാതന്ത്ര്യവുമാണ് ഹിന്ദുവിഭാഗം ആവശ്യപ്പെട്ടത്.
ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ ദൈനംദിന ആരാധന ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ആദ്യ ഹർജി നിലനിൽക്കുന്നതിനെ ചോദ്യം ചെയ്ത് മുസ്ലിം സമുദായം സമർപ്പിച്ച ഹർജി സെപ്റ്റംബറിൽ കോടതി തള്ളിയിരുന്നു.