തിരുവനന്തപുരം: പിണറായി വിജയന്റെ മകളായിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് വീണ വേട്ടയാടപ്പെടുന്നതെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. എന്നും അവരെ തളർത്താമെന്ന് വ്യാമോഹിക്കുന്നവർ തളർന്നു പോകുകയേ ഉള്ളൂവെന്നും ആര്യ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആര്യ രാജേന്ദ്രന്റെ പ്രതികരണം.
ഈ വേട്ട തുടങ്ങിയത് ഇന്നൊന്നുമല്ല. ഒന്നര പതിറ്റാണ്ടായി അവർ അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ നിരന്തരം വേട്ടയാടപ്പെടുന്നു. ഇന്നോളം ഉന്നയിക്കപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തിൽ അവർക്കെതിരെ ഒരു പെറ്റികേസുപോലും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് വീണയ്ക്കൊപ്പം നിൽക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് തിരുവനന്തപുരം മേയർ എഴുതി.
ഇക്കണ്ട ആരോപണങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇതൊന്നും കൊണ്ട് വീണ വിജയനെന്ന സ്ത്രീയെ തകർക്കാമെന്നോ തളർത്താമെന്നോ വ്യാമോഹിക്കുന്നവർ തളർന്ന് പോവുകയേ ഉള്ളു. കാണാൻ പോകുന്ന പൂരം പറഞ്ഞ് നടക്കണ്ടല്ലോ” ആര്യ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.