Spread the love

കോട്ടയം: ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ചതിന് സജി ചെറിയാനെതിരേ പോസ്റ്റിട്ട ഷോൺ ജോർജും പെട്ടു. ‘ഹെൽമെറ്റ് എവിടെ സഖാവേ’ എന്ന ചോദ്യവുമായുള്ള പോസ്റ്റിന് താഴെയുള്ള കമന്‍റുകളെല്ലാം നിറയെ ഷോൺ ജോർജ് ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിക്കുന്ന ദൃശ്യങ്ങളും സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്യുന്ന ചിത്രങ്ങളുമാണ്. ഷോണിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ വിശദീകരണ കുറിപ്പുമായി അദ്ദേഹം രംഗത്തെത്തി.

മന്ത്രിസ്ഥാനം രാജിവച്ച ശേഷം ചെങ്ങന്നൂർ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാൻ ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽ പോകുന്ന ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. സജി ചെറിയാൻ പെറ്റി കൊടുക്കണമെന്നും അല്ലെങ്കിൽ കോടതിയിൽ കാണാമെന്നും കാണിച്ച് ഷോൺ ജോർജ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

“ഹെൽമെറ്റ് എവിടെ സഖാവേ? മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 194 (ഡി) 500. പെറ്റി അടയ്ക്കണം. അല്ലെങ്കിൽ പിന്നെ കോടതിയിൽ …’, എന്നായിരുന്നു ഷോണിന്‍റെ പോസ്റ്റ്. എന്നാൽ പോസ്റ്റിന് താഴെയുള്ള കമന്‍റുകളിൽ ഭൂരിഭാഗവും ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ഷോണിന്‍റെ ചിത്രങ്ങളായിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്യുന്നതിന്‍റെ ചിത്രങ്ങളും ഉണ്ട്. വിവിധ സ്ഥലങ്ങളിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ഷോണിന്‍റെ ചിത്രങ്ങൾ തിരഞ്ഞാണ് രാഷ്ട്രീയ എതിരാളികൾ കമന്‍റ് ബോക്സ് നിറയ്ക്കുന്നത്. ഷോൺ ജോർജും പെറ്റി തുക നൽകണമെന്നാണ് ആവശ്യം.

By newsten