Spread the love

തിരുവനന്തപുരം: ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസ് കേരള പൊലീസ് അന്വേഷിക്കുമെന്നും തമിഴ്നാട് പൊലീസിന് കൈമാറില്ലെന്നും ഷാരോണിന്‍റെ കുടുംബത്തിന് സർക്കാർ ഉറപ്പ് നൽകി. കേസ് തമിഴ്നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഷാരോണിന്‍റെ കുടുംബം വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കേസിൽ കേരള പൊലീസ് അന്വേഷണം തുടരുമെന്ന് ഉറപ്പ് നല്‍കിയതായി ഷാരോണിന്‍റെ പിതാവ് ജയരാജ് പറഞ്ഞു.

കേസ് തമിഴ്നാട് പൊലീസിന് കൈമാറിയാൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ഷാരോണിന്‍റെ ബന്ധുക്കൾ ആരോപിച്ചു. കേരള പൊലീസിന്‍റെ അന്വേഷണത്തിൽ തൃപ്തരാണെന്ന് കുടുംബം പറഞ്ഞു. തമിഴ്നാട്ടിലാണ് കുറ്റകൃത്യം നടന്നതെന്നതിനാൽ കേരള പൊലീസ് കേസ് അന്വേഷിക്കുന്നതിൽ നിയമതടസ്സമുണ്ടോയെന്ന് റൂറൽ എസ്.പി നിയമോപദേശം തേടി. ഇതിന് പിന്നാലെയാണ് കേസ് കൈമാറരുതെന്ന് ഷാരോണിന്‍റെ കുടുംബം ആവശ്യപ്പെട്ടത്.

കേരളത്തിലെയോ തമിഴ്നാട്ടിലെയോ പൊലീസിന് അന്വേഷണത്തിന് നിയമതടസ്സമില്ലെന്നാണ് സൂചന. എന്നാൽ വിചാരണയ്ക്കും അന്വേഷണത്തിനും തമിഴ്നാട് കൂടുതൽ അനുയോജ്യമാണെന്ന് ജില്ലാ സർക്കാർ പ്ലീഡർ വെമ്പായം എഎ ഹക്കീം നിയമോപദേശം നൽകിയിട്ടുണ്ട്.

By newsten