കൊച്ചി: പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇരുവരുടെയും ജാമ്യഹര്‍ജി തള്ളിയത്.
സിന്ധു, വിജയകുമാരൻ നായർ എന്നിവർ ഷാരോണ്‍ കൊലക്കേസിലെ രണ്ടും മൂന്നും പ്രതികളാണ്. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് പുറമേ തെളിവ് നശിപ്പിച്ചെന്ന കുറ്റവും ചുമത്തിയിരുന്നു. ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മയാണ് കേസിലെ ഒന്നാംപ്രതി. ഷാരോണുമായി ഗ്രീഷ്മയ്ക്കുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് ഇരുവരുടെയും ഹര്‍ജിയില്‍ പറയുന്നത്. ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞത്. തങ്ങളെ കേസിൽ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മർദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ വേണ്ടിയാണെന്നും ഹർജിയില്‍ ആരോപിച്ചു. വിഷക്കുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും പ്രതികള്‍ പറയുന്നു.
കോളേജ് വിദ്യാര്‍ഥിയായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത്. ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മ മറ്റൊരു വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഷാരോണിനോടു പിന്‍മാറാന്‍ ആവശ്യപ്പെട്ടു. ഇതിനു തയ്യാറാകാതെ വന്നതോടെ ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. കഷായം കുടിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.