തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തെ തള്ളി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ രീതിയിൽ പ്രതിഷേധത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഉള്ള രാജ്യമാണിത്. എന്നാൽ അക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എഫ്.ഐ സമരത്തെയും ആക്രമണത്തെയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും തള്ളിക്കളഞ്ഞു. വയനാട്ടിൽ നടന്നത് പാർട്ടി അറിയാത്ത പ്രതിഷേധമാണെന്നാണ് സി.പി.എമ്മിൻറെ നിലപാട്. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംപിയുടെ ഓഫീസിലേക്ക് ഇരച്ചുകയറി, കസേരകൾ തകർക്കുകയും ഓഫീസ് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എസ്എഫ്ഐയെ തള്ളി മുഖ്യമന്ത്രിയും പാർട്ടിയും രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് തെറ്റാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും പ്രതികരിച്ചു. എസ്.എഫ്.ഐ ഏറ്റെടുക്കേണ്ട സമരമല്ല ഇതെന്ന് മന്ത്രി മുഹമ്മദ് റിയാസും വ്യക്തമാക്കി.