Spread the love

പാരിസ്: ലൈംഗിക രോഗങ്ങളെ തടയാൻ സുപ്രധാന തീരുമാനവുമായി ഫ്രാൻസ്. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് ഫ്രാൻസിൽ ഇനി സൗജന്യമായി കോണ്ടം ലഭിക്കും. യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഫാർമസികളിൽ നിന്ന് കോണ്ടം സൗജന്യമായി ലഭിക്കും. ഗർഭനിരോധന മാർഗങ്ങളിൽ ഒരു ചെറിയ വിപ്ലവം കൊണ്ടുവരാനാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 ലും 2021 ലും ഫ്രാൻസിൽ ലൈംഗിക രോഗങ്ങൾ 30 ശതമാനം വർദ്ധിച്ചു. ലൈംഗികമായി പകരുന്ന രോഗങ്ങൾ കുറയ്ക്കുകയും ഗർഭനിരോധന മാർഗങ്ങൾ എളുപ്പമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. 2018 മുതൽ, ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ച് വാങ്ങുന്ന കോണ്ടത്തിനായി ചെലവഴിക്കുന്ന തുക സർക്കാർ വ്യക്തികൾക്ക് തിരികെ നൽകാൻ തുടങ്ങിയിരുന്നു.

ഈ വർഷം ആദ്യം 26 വയസ് വരെയുള്ള യുവതികൾക്ക് ഗർഭ നിരോധന മാർഗങ്ങൾ സൗജന്യമാക്കിയിരുന്നു. ഡോക്ടറുടെ നിർദേശമില്ലാതെ തന്നെ എച്ച്ഐവി ഒഴികെയുള്ള രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകളും നടത്താം. 26 വയസ്സിന് താഴെയുള്ളവർക്കാണ് ഇത്തരത്തിൽ പരിശോധന നടത്താനാകുക.

By newsten