കണ്ണൂർ : യൂത്ത് കോൺഗ്രസ് ക്യാമ്പ് ചിന്തിൻ ശിബിരത്തിലെ ലൈംഗിക പീഡന പരാതിയിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ വിശദീകരണം തേടി. ലൈംഗിക പീഡന പരാതി ചെറിയ രീതിയിൽ മാത്രമേ ചര്‍ച്ചയായുള്ളൂവെന്നും പരാതിയെക്കുറിച്ച് പഠിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.
വിഷയത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഇ.പി ജയരാജനെതിരെ കേസെടുത്തില്ലെങ്കിൽ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു. സജി ചെറിയാൻ ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണെന്നും മന്ത്രിസ്ഥാനം രാജിവച്ചാൽ മാത്രം പ്രശ്നം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത എം.എൽ.എ സ്ഥാനം സജി ചെറിയാൻ രാജിവയ്ക്കണമെന്നും കെ.സുധാകരൻ കണ്ണൂരിൽ ആവശ്യപ്പെട്ടു.