തിരുവനന്തപുരം: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചുവരികയാണെന്ന് ഹൈക്കോടതി പറഞ്ഞു. നിയമപരമായ പ്രത്യാഘാതങ്ങൾ എന്താണെന്ന് കുട്ടികൾക്ക് അറിയില്ല. വിദ്യാർത്ഥികൾക്കിടയിൽ നിയമ അവബോധം സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. പോക്സോ നിയമത്തെക്കുറിച്ചും പീഡന കേസുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും സ്കൂളുകളിൽ ബോധവൽക്കരണം നിർബന്ധമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
അവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടോ ബോധവൽക്കരണ ക്ലാസുകൾ നടത്തിയോ നടപടികൾ കൈക്കൊള്ളാം. വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനും സി.ബി.എസ്.ഇക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം കേസുകളിൽ, പ്രതികൾ സ്കൂൾ കുട്ടികളോ ചെറിയ പ്രായത്തിലുള്ളവരോ ആണ്. കൗമാരപ്രായക്കാർക്കിടയിൽ ലൈംഗികബന്ധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പോക്സോ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം.