Spread the love

കൊച്ചി: പോത്താനിക്കാട് ക്യാമ്പിലെ പൊലീസുകാരനെതിരേ ലൈംഗിക അതിക്രമം കാണിച്ചെന്ന പരാതിയില്‍ ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. ആംഡ് പൊലീസ് ബറ്റാലിയന്‍ കമാന്‍ഡന്റ് ജോസ് വി. ജോര്‍ജ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

തൃപ്പൂണിത്തുറ ആസ്ഥാനമായുള്ള കേരള ആംഡ് പൊലീസ് ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാമ്പായ പോത്താനിക്കാട് ജോലിയിലുണ്ടായിരുന്ന ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് പരാതി. ഗാര്‍ഡ് ഡ്യൂട്ടിലിയിലുണ്ടായിരുന്ന പൊലീസുകാരനോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

23ന് രാത്രി പത്തു മണിക്കു ശേഷമാണ് സംഭവം. പരാതിക്കാരനോട് എസ്.ഐ ലൈംഗീക ചുവയോടെ സംസാരിക്കുകയും ലൈംഗിക പ്രവൃത്തികള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തുവത്രെ. ഇതിന് വിസമ്മതിച്ചപ്പോൾ കൈയ്യേറ്റം ചെയ്തതായും കമാൻഡന്റിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവം നടന്ന പിറ്റേ ദിവസം തന്നെ ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. എസ്.ഐക്കെതിരേ മുമ്പ് പലവട്ടം സ്വഭാവദൂഷ്യത്തിന് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, മേലുദ്യോഗസ്ഥര്‍ ഇടപെട്ട് ഒതുക്കി തീര്‍ത്തതായും ആക്ഷേപമുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തി സാക്ഷിമൊഴികള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമാന്‍ഡന്റ് ജോസ് വി. ജോര്‍ജ് ഉത്തരവിട്ടിരിക്കുന്നത്.

By newsten