കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളെ മികച്ചതാക്കാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അവയെ ലാഭകരമാക്കുകയാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പി. രാജീവ്. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി (കെൽ) ലിമിറ്റഡിന്‍റെ പുതിയ കോർപ്പറേറ്റ് ഓഫീസ് മാമലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിൻ്റെ വികസനത്തിനായി പൊതുമേഖലയെ ഉപയോഗിക്കാൻ കഴിയണം. ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും ഉൽപാദനച്ചെലവ് കുറയ്ക്കാനും മികച്ച ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും സർക്കാരിനെ ആശ്രയിക്കാതെ സ്വന്തമായി ഫണ്ട് കണ്ടെത്താനും കെല്ലിന് കഴിയണമെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ മികച്ചതാക്കാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മെച്ചപ്പെട്ട രീതിയിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ചാൽ കെല്ലിനെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാക്കി മാറ്റാൻ കഴിയും. കെല്ലിൽ ഇന്‍ഡസ്ട്രിയല്‍ പാർക്ക് വികസിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഏഴ് മാസത്തിനുള്ളിൽ 80,000 ലധികം സംരംഭങ്ങൾ ആരംഭിച്ചു. ഇത്തരം സംരംഭങ്ങളുമായി സഹകരിച്ച് കെല്ലിന് ആവശ്യമായ സാധനങ്ങൾ നിർമ്മിക്കുന്നതിന് ചെറിയ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള വിവിധ പദ്ധതികൾ പരിഗണിക്കണം. ഇന്ത്യയിൽ, ഒരു വർഷം 100 എംഎസ്എംഇ യൂണിറ്റുകൾ ആരംഭിക്കുകയാണെങ്കിൽ, അവയിൽ 30 എണ്ണം ആദ്യ വർഷം തന്നെ അടച്ചുപൂട്ടുകയാണ്. ഇത് കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.